ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ)

08-Oct-2018

 

ശബരിമലയിൽ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ)

ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച വിധി ദൗർഭാഗ്യകരവും വേദനാജനകവുമായ അവസ്ഥയിലേക്കു ഹൈന്ദവ സമൂഹത്തെ എത്തിക്കുന്നുവെന്നു കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ) അഭിപ്രായപ്പെട്ടു.

വിശ്വാസവും ആചാരങ്ങളും നിയമപരമായ ചട്ടക്കൂടുകൾ കൊണ്ട് പരിശോധിക്കപ്പെടുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങൾക്കു കാരണമാവുന്ന സ്ഥിതി വിശേഷമാണ്. അതിനെ ജാഗ്രതയോടെ അഭിമുഖീകരിക്കണം .ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതിനു പകരം അത് വർധിപ്പിക്കുന്ന സമീപനം അഭിലഷണീയമല്ല. ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിച്ചു വൈരുദ്ധ്യാത്മിക അവസര വാദവും വരട്ടു തത്വവാദങ്ങളും ഉന്നയിക്കുന്നവർക്കു മറുപടി നൽകേണ്ട സമയമായിരിക്കുന്നു. മത തീവ്ര വാദവും മതപരിവർത്തനവും പോലുള്ള കാലി കമായ അസംഖ്യം വെല്ലുവിളികൾ നേരിടുന്ന സമയത്തു സ്വന്തം ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കാൻ പോലും സാധിക്കാതെ വരുന്ന അതീവ ദുർബലമായ ഒരു സമൂഹമായി കേരളത്തിലെ ഹൈന്ദവർ മാറുന്ന ദയനീയ അവസ്ഥയിലേക്ക് എത്തിപ്പെടുന്നുവെന്നു കെ എച് എൻ എ ഉൽക്കണ്ഠപ്പെടുന്നു .

കാലാനുസൃതമായി ആവശ്യമായ മാറ്റങ്ങൾ വരുത്തുകുയും അത് ഉൾക്കൊണ്ടു ആചാരങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്തു തന്നെയാണ് സനാതന ധർമ്മം നില കൊണ്ടിട്ടുള്ളത്. ഇതിനെ ഹൈന്ദവ സമൂഹം എന്നും സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാൽ സർക്കാർ നിലപാടിലൂടെയും കോടതി വിധിയിലൂടെയൂംമെല്ലാം ആചാരങ്ങളെ നിയന്തിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും അത് ഹിന്ദു സമൂഹത്തിനു മുകളിൽ അടിച്ചേൽപ്പിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. ഒരു ജനാധിപത്യ രാജ്യത്തു മറ്റ് മതങ്ങൾക്ക് കിട്ടുന്ന സംരക്ഷണയും പരിഗണയും ഹിന്ദുക്കൾക്കും അവകാശപെട്ടതാണ്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അത് സംരക്ഷിക്കപ്പെടണമെന്ന് ഭൂരിപക്ഷം ഹൈന്ദവരും ആഗ്രഹിക്കുന്നു. ഈ വിഷയത്തിലെ പൊതു താൽപര്യ ഹർജി ആരുടെ താൽപര്യം സംരക്ഷിക്കാനാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പവിത്രമായ ക്ഷേത്ര സങ്കല്പങ്ങൾ വിസ്മരിച്ചു പകരം വിനോദ സഞ്ചാര കേന്ദ്രമായി ശബരിമലയെ മാറ്റുന്ന കച്ചവട കണ്ണോടു കൂടി യുള്ള ഭരണകൂട സമീപനം ഗൗരവകരമായ ചർച്ചകൾക്ക് വഴി വയ്ക്കണം

മതപരമായി നിലനിന്നു പോരുന്ന ആചാരങ്ങള് സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കില് കോടതിയുടെ ഇടപെടല് ആവശ്യമില്ലെന്നും, ഒരു മതത്തിന്റെ വിശ്വാസികളാണ് ആചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടതെന്നുമുള്ള വിധിയോട് വിയോജിച്ച ബഞ്ചിലെ ഏക സ്ത്രീ പ്രാതിനിധ്യമായ ജസ്റ്റിസ് ഇന്ദു മല്ഹോത്രയുടെ നിരീക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കുന്നതിനു അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോടതിക്ക് പരിമിതികളുണ്ട്. ഈ കേസിൽ ഹൈന്ദവ സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടാതെ പോയത് നിരാശാജനകമാണെന്ന് കെ എച് എൻ എ പ്രസിഡന്റ് ഡോ. രേഖ മേനോൻ അഭിപ്രായപ്പെട്ടു

ഹൈന്ദവർ പരിപാവനമായി കാണുന്ന അയ്യപ്പ സന്നിധാനത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായി കെ എച് എൻ എ നില കൊള്ളുമെന്നും സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.ഹൈന്ദവ സമൂഹത്തെ ദുർബലപ്പെടുത്തുന്ന പരിശ്രമങ്ങൾ ക്കെതിരെയുള്ള പോരാട്ടങ്ങൾക്കു എല്ലാവിധ സഹായ സഹകരണങ്ങളും കെ എച് എൻ എ വാഗ്ദാനം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി അറിയിച്ചു .

 

 

 


Don't look back—forward, infinite energy, infinite enthusiasm, infinite daring, and infinite patience—then alone can great deeds be accomplished.

Swami Vivekananda | Indian Hindu monk and chief disciple