കെ എച്ച് എന്‍ എയും
സ്വാമി സത്യാനന്ദ സരസ്വതിയും
ഹ്യൂസ്റ്റണില്‍ 2003 ല്‍ നടന്ന കെ എച്ച് എന്‍ എ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ എത്തിയപ്പോള്‍, സംഘടനയുടെ തുടക്കം സ്വാമി സത്യാനന്ദ സരസ്വതിയില്‍ നിന്നായിരുന്നു എന്ന അറിവ് എനിക്കുണ്ടായിരുന്നില്ല. അന്നവിടെ കേട്ട പ്രസംഗത്തില്‍ നിന്നാണ് രണ്ടുവര്‍ഷം മുന്‍പ് ഡാളസില്‍ കെ എച്ച് എന്‍ എ യ്ക്ക് ബീജാവാപം ചെയ്തത് സ്വാമിയാണെന്നറിഞ്ഞത്. കേരളത്തിലെ ഹൈന്ദവ സംഘടനാപ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്ന സ്വാമി, അമേരിക്കയില്‍ അത്തരമൊരു പ്രവര്‍ത്തനം നടത്തിയതില്‍ അത്ഭുതമൊന്നുമില്ലായിരുന്നു. പതിവുപോലെ സുദീര്‍ഘങ്ങളായ പ്രസംഗങ്ങളായിരുന്നു സ്വാമി ഹ്യൂസ്റ്റണില്‍ നടത്തിയത്. പ്രസംഗം നീളുന്നത്, ശ്രോതാക്കളില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതൊന്നും സ്വാമി ഗൗനിച്ചതേയില്ല. ഹിന്ദുപാര്‍ലമെന്റ് എന്ന ആശയത്തിലൂന്നിയായിരുന്നു സ്വാമിയുടെ അന്നത്തെ പ്രസംഗങ്ങള്‍.
2005 ലെ ചിക്കാഗോ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സ്വാമിക്കോപ്പമായിരുന്നു ഞാനും പോയത്. വിമാനത്തിലും അടുത്തടുത്ത സീറ്റില്‍.അകന്നു നിന്ന് ആരാധനയോടെമാത്രം കണ്ടിരുന്ന സ്വാമിക്കടുത്തിരുന്ന് ദീര്‍ഘയാത്ര. മനസ്സില്‍ മാറാതെ കിടക്കുന്നു അത്. യാത്രയിലുടെനീളെ സ്വാമി സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ഹിന്ദുക്കളുടെ പ്രശ്നങ്ങളുലുള്ള ആകുലതയായിരുന്നു വാക്കുകളില്‍ മുളുവന്‍.. ഇടയ്ക്ക് മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്യം ഉപയോഗിച്ച് ചിലതൊക്കെ സ്വാമിയോടും ചോദിച്ചു. ഹിന്ദു ബാങ്ക്, പുണ്യഭൂമി പത്രം, ചെങ്കോട്ടുകോണത്ത് മഹാ ക്ഷേത്രം......വലിയ പ്രതീക്ഷയോടെ തുടങ്ങിയിട്ട് മുഴിവിപ്പിക്കാനാകാഞ്ഞ സ്വാമിയുടെ പദ്ധതികളെക്കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചത്. പത്രപ്രവര്ത്തകന് നല്‍കേണ്ട ബഹുമാനമെല്ലാം നല്കികൊണ്ടുതന്നെ എല്ലാത്തിനും ഉത്തരം നല്കി. നിരാശയില്ലായിരുന്നെങ്കിലും കൂടെനിന്നവര്‍ വേണ്ടത്ര പിന്തുണ നല്കാഞ്ഞതില് സ്വാമിക്ക് വിഷമമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. യാത്രാമധ്യേ ഫ്രാങ്കര്ഫട്ട് വിമാനത്താവളത്തില്‍ കുറെ സമയം ചെലവഴിക്കേണ്ടി വന്നു. ഞാന്‍ എല്ലാവരുടെയും ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ നിന്റെ പടം ഞാനെടുക്കാമെന്ന് പറഞ്ഞ് സ്വാമി ക്യാമറ വാങ്ങിയത് മരക്കാനാകില്ല. ചിക്കാഗോ കണ്‍വന്‍ഷനിലും ഹിന്ദുപാര്‍ലമെന്റ് രൂപികരണമായിരുന്നു സ്വാമി മുന്നോട്ടുവെച്ചത്.
2007 ലെ ന്യൂയോര്‍ക്ക് കണ്വന്ഷനായപ്പോഴേക്കും സ്വാമി അസുഖബാധിതനായി കഴിഞ്ഞിരുന്നു.കണ്വന്ഷന് സ്വാമിക്ക് വരാനാകില്ലന്ന് ഉറപ്പായി. കണ്വഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന രാമായണത്തിന് ആമുഖം സ്വാമിയുടേത് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആവശ്യപ്പെട്ടപ്പോള്‍, എഴുതാനൊന്നും വയ്യ, നീ വന്നാല്‍ പറഞ്ഞുതരാം എന്നായിരുന്നു സ്വാമിയുടെ മറുപടി. സ്വാമിയുടെ സുദീര്‍ഘമായ ആമുഖത്തോടെയാണ് രാമായണം ഇറക്കിയത്. ന്യൂയോര്‍ക്ക് കണ്‍വന്‍ഷനില്‍ ഇറക്കിയ കാസറ്റ് പ്രകാശനം ചെയതത് സ്വാമിയായയിരുന്നു. ചെങ്കോട്ടുകോണം ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഡാളസില്‍നിന്നുള്ള ഡോ. ശ്രീകുമാറിന് നല്‍കികൊണ്ടുള്ള പ്രകാശനചടങ്ങായിരുന്നു സ്വാമിയുടെ അവസാനത്തെ പൊതുപരിപാടി. അതിനുശേഷം ഏതാനും ദിവസത്തിനുള്ളില്‍ സ്വാമി സമാധിയായി.
2009 ലെ ലോസ് ആഞ്ചലസ് കണ്വല്ഷനില് പ്രദര്‍ശിപ്പിക്കാന്‍ സ്വാമിയെക്കുറിച്ച് ലഘു വീഡിയോ എനിക്ക് നിര്‍മ്മിക്കാനായത് ഗുരുദക്ഷിഷയായി കരുതുന്നു.
സ്വാമിയുടെ സാന്നിധ്യം, അത് അദൃശ്യമാണെങ്കിലും, ഇല്ലാത്ത ഒരു കെ എച്ച് എന്‍ എ കണ്‍വന്‍ഷനെകുറിച്ച് ചിന്തിക്കാനേ കഴിയില്ല.
P. Sreekumar Janmabhumi Daily